കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ (മലമ്പനി) സ്ഥിരീകരിച്ചു. വളയത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. വളയം ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് (യുപി) സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വന്തം നാട്ടിൽ നിന്നും വളയത്ത് എത്തിയത്.
ഇവിടെയെത്തിയ ശേഷം ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് മലേറിയ ആണെന്ന് കണ്ടെത്തിയത്. എന്നാൽ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഈ വ്യക്തി തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.
ജില്ലയിൽ ആശങ്ക കൂട്ടി മലേറിയ കേസുകൾ
കഴിഞ്ഞ ചൊവ്വാഴ്ചയും കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ സ്വദേശിയായ അറുപത്തിമൂന്നുകാരനും തിക്കോടിയിൽ താമസിക്കുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കുമായിരുന്നു രോഗം കണ്ടെത്തിയത്. തുടർച്ചയായി മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.