Ticker

6/recent/ticker-posts

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം: കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ കാൽവഴുതി വീണ് മുങ്ങിമരിച്ചു. പാലേരി കയിതേരിമുക്ക് അണ്ടിക്കുന്ന് സ്വദേശിനി രമ്യ സുഭീഷ് (33) ആണ് അതിദാരുണമായി മരണമടഞ്ഞത്. കടിയങ്ങാട് ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു രമ്യ. ഒഴുക്കിൽപ്പെട്ട അഞ്ചുവയസ്സുള്ള മകൾക്കായുള്ള തിരച്ചിൽ കനത്ത മഴയിലും പുഴയിൽ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. തോട്ടത്താങ്കണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കുന്നതിനായാണ് അമ്മയും മകളും എത്തിയത്. കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് ഫോണുകളിൽ അടിയന്തര ജാഗ്രതാ സൈറൻ സന്ദേശം വരെ വന്നിരുന്നു. ഇതിനിടെയാണ് കുട്ടി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടത്.മകൾ ഒഴുക്കിൽപ്പെടുന്നത് കണ്ട് രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ രമ്യ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി രമ്യയെ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല.കാണാതായ അഞ്ചു വയസ്സുകാരിക്കായി പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ദുരന്ത നിവാരണ സേനയും (സിവിൽ ഡിഫൻസ്) പോലീസും നാട്ടുകാരും ചേർന്ന് ശക്തമായ മഴയെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് തിരച്ചിൽ തുടരുകയാണ്.മരണപ്പെട്ട രമ്യയുടെ മൃതദേഹം ഇപ്പോൾ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments