Ticker

6/recent/ticker-posts

വടകരയിൽ വയോധികൻ്റെ മരണം: കടത്തനാട് ലേബർ സൊസൈറ്റി ഓഫീസ് ക്രൈം ബ്രാഞ്ച് പൂട്ടി സീൽ ചെയ്തു; രേഖകൾ പിടിച്ചെടുത്തു






വടകര: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ, ആരോപണവിധേയമായ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഓഫീസിൽ ക്രൈം ബ്രാഞ്ച് വൻ പരിശോധന നടത്തി. സൊസൈറ്റിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വടകര പാർക്ക് റോഡിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് ശേഷം ഓഫീസ് പൂർണ്ണമായി പൂട്ടി സീൽ ചെയ്തു.
ഓഫീസ് ലെഡ്ജർ, സ്ഥിരനിക്ഷേപ ബോണ്ടുകൾ, ഡേ ബുക്ക്, ക്യാഷ് ബുക്ക്, വർക്ക് രജിസ്റ്ററുകൾ, വൗച്ചറുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, വിവിധ കരാർ സംബന്ധമായ രേഖകൾ എന്നിവ ക്രൈം ബ്രാഞ്ച് സംഘം ഓഫീസിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നിലവിൽ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സഹകരണ വകുപ്പ് നൽകിയ പ്രത്യേക പരാതിയിലും ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
നിക്ഷേപം തിരികെ നൽകാത്തതാണ് മരണകാരണമെന്ന് കുടുംബം
സഹകരണ സ്ഥാപനത്തിലെ തങ്ങളുടെ നിക്ഷേപം കൃത്യസമയത്ത് തിരികെ നൽകാത്തതാണ് ഇബ്രാഹിം ഹാജിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഡിസിസി സെക്രട്ടറി സുധീർകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. സുധീർ കുമാർ സെക്രട്ടറിയായ കടത്തനാട് സൊസൈറ്റിയിൽ ഇബ്രാഹിം ഹാജിക്ക് 70 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് സുധീർ കുമാറിന്റെ വീടിന് പുറത്തെത്തിയ ഇബ്രാഹീം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹീമിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
"സർക്കാർ അംഗീകൃത സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. താൻ മരിച്ചിട്ടെങ്കിലും കുടുംബത്തിന് ഈ പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് വ്യക്തമാക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.



Post a Comment

0 Comments