.
പേരാമ്പ്ര. കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇടത് കര മെയിൻ കനാലിന്റെ  കായണ്ണ, നൊച്ചാട്  പഞ്ചായത്തുകളുടെ  അതിർത്തിയിൽ പെട്ട പുതിയോട്ടിൽ താഴപാലവും റോഡും കനത്ത മഴയിൽ തകർന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് പരിസര വാസികൾ കടന്നു പോകുന്ന പാലം രണ്ട് വർഷം മുൻപ് തന്നെ ഒരു ഭാഗം നിലം പതിച്ചിരുന്നു. നാട്ടുകാർ തെങ്ങ് മുറിച്ച് പാലത്തിന്റെ ഫീൽഡ് ബോത്തിയിൽ സ്ഥാപിച്ചത് കൊണ്ടാണ് ഇരു ഭാഗത്തേക്കും യാത്ര ചെയ്തത്.  കനത്ത മഴയിൽ ശക്തമായ മല വെള്ളത്തിൽ പാലം കനാലിൽ പതിക്കുകയായിരുന്നു. കായണ്ണ വലിയ ജുമാ മസ്ജിദ്, മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിന് ഉപയോഗിച്ചത് ഈ പാലത്തിലൂടെയുള്ള വഴിയായിരുന്നു. അൻപത് വർഷത്തിലേറെ പഴക്കം ചെന്ന പാലത്തിന്റെ കോൺഗ്രീറ്റ് ദ്രവിച്ച് കമ്പി തുരുമ്പ് പിടിച്ചനിലയിൽ പുറത്തു വന്നിട്ട് വര്ഷങ്ങളായി .പാലവും റോഡും തകർന്നതിനെ തുടർന്ന് ഇരു ഭാഗത്തും താമസിക്കുന്ന കുടുംബങ്ങൾ പ്രയാസം നേരിടുന്നു. സംഭവസ്ഥലം നൊച്ചാട്  ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ ടി പി നാസർ സന്ദർശിച്ചു. പാലം പുതുക്കി പണിയുന്നതിന് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.