Ticker

6/recent/ticker-posts

വയനാട്ടിൽ ഷിഗെല്ല ഭീതി: കുട്ടികളുടെ കുടുംബാംഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം; മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം


കൽപ്പറ്റ: വയനാട് കോളിയാടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല (Shigella) സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യും. പ്രതിരോധത്തിന്റെ ഭാഗമായി ഈ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന ജില്ലയിലെ മറ്റ് സ്കൂളുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലെയും കിണറുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനും നിർദ്ദേശമുണ്ട്.
ഇന്ന് ഉന്നതതല യോഗം; വൈകിട്ടോടെ ആരോഗ്യമന്ത്രി വയനാട്ടിലെത്തും
ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇതിന് പുറമെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.
നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോളിയാടി സ്കൂളിലെ 339 കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ ലക്ഷണങ്ങളുള്ള 60 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ സംശയമുള്ള 21 സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചതിൽ രണ്ട് കുട്ടികളുടെ ഫലമാണ് പോസിറ്റീവ് ആയത്. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യസ്ഥിതി നിലവിൽ സാധാരണ നിലയിലാണെന്നും, പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Post a Comment

0 Comments