Ticker

6/recent/ticker-posts

സംസ്ഥാനത്ത് എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ : പരീക്ഷാ ബോർഡ് യോഗം നാളെ



തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്നത് എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ പ്രതിസന്ധിയിലാക്കുന്നു. മുൻ നിശ്ചയിച്ച പ്രകാരം  വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാഭവന്റെ നീക്കമെങ്കിലും, വിദ്യാഭ്യാസ മന്ത്രിയില്ലാത്ത സാഹചര്യം അനിശ്ചിതത്വത്തിന് കാരണമായിരിക്കുകയാണ്.പരീക്ഷാ മൂല്യനിർണ്ണയവും മറ്റ് സാങ്കേതിക നടപടികളും പൂർത്തിയായിട്ടുണ്ട്. ഫലത്തിന് അന്തിമരൂപം നൽകുന്നതിനായി പരീക്ഷാ ബോർഡ് യോഗം നാളെ (ബുധൻ) ചേരും. വെള്ളിയാഴ്ച ഫലം പുറത്തുവിടാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, മന്ത്രിയില്ലാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കണമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല സർക്കാർ രൂപീകരണ ചർച്ചകൾ നീണ്ടുപോകുന്നത് വകുപ്പുതല തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും നിലവിലെ ആശയക്കുഴപ്പത്തിന് ആക്കം കൂട്ടുന്നു.സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആര് ഫലം പ്രഖ്യാപിക്കും എന്നതിൽ വ്യക്തതയില്ല.പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ. വാസുകി ലോക്ഭവനിലേക്ക് മാറിയതിനെ ത്തുടർന്ന്, ഷർമിള മേരി ജോസഫിനാണ് നിലവിൽ സെക്രട്ടറിയുടെ ചുമതല. പൊതുവിദ്യാഭ്യാസഡയറക്ടർ  എൻ.എസ്.കെ.ഉമേഷിന്റെ  മേൽനോട്ടത്തിലാണ് പരീക്ഷാ നടപടികൾ പുരോഗമിക്കുന്നത്.

 നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം മാത്രമേ വെള്ളിയാഴ്ചത്തെ ഫലപ്രഖ്യാപനത്തിൽ അന്തിമ വ്യക്തത വരികയുള്ളൂ. ഒരു സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വഴി ഫലം പുറത്തുവിടാനുള്ള സാധ്യതകളും വകുപ്പ് പരിശോധിക്കുന്നുണ്ട്. പരീക്ഷാ ഫലം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും നിലവിൽ വലിയ ആശങ്കയിലാണ്.

Post a Comment

0 Comments