ബാലുശ്ശേരി: കൂട്ടാലിട-കൂരാച്ചുണ്ട് റോഡിൽ കോളനിമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. കൂരാച്ചുണ്ട് നരിനട കുഴിപ്പള്ളിൽ സിദ്ധാർത്ഥ് (24) ആണ് മരിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് സിദ്ധാർത്ഥ്.
ഇന്നലെ രാത്രി ജോലിക്കായി കോഴിക്കോട് എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. റോഡിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ ഇടത്താണ് അപകടം നടന്നത് എന്നതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് വിവരം പുറംലോകമറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയത് നടന്നുപോയ പെൺകുട്ടി
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ റോഡിലൂടെ നടന്നുപോയ ഒരു പെൺകുട്ടിയാണ് താഴ്ചയിൽ ബൈക്കും അതിനോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഒരു യുവാവിനെയും കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഏകദേശം മൂന്ന് മീറ്ററോളം താഴ്ചയുള്ള കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞിരുന്നത്.
വാഹനം ഇടിച്ചു തെറിപ്പിച്ചതാണോ എന്ന് സംശയം
അപകടത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്. സിദ്ധാർത്ഥിന്റെ ബൈക്ക് തനിയെ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞതാണോ, അതോ രാത്രിയിൽ വന്ന മറ്റേതെങ്കിലും വാഹനം ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയതാണോ എന്നാണ് നാട്ടുകാരുടെ സംശയം.
സംഭവമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണവും അപകടത്തിന്റെ യഥാർത്ഥ സാഹചര്യവും വ്യക്തമാകാനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.