Ticker

6/recent/ticker-posts

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വൻ ട്വിസ്റ്റ്; യുവതികൾ അറസ്റ്റിൽ

 


കൊല്ലം: അഞ്ചലിൽ പൊലീസുകാരൻ്റെ ബുള്ളറ്റ് ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ നാടകീയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഒന്നാം പ്രതിയായ ആരതിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പൊലീസുകാരനായ വിവേകിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് പ്രതികൾ രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്. വിവേകും പ്രതിയായ ആരതിയും തമ്മിലുള്ള വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് ആസൂത്രിതമായ ഈ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചിരുന്നു. പ്രദേശത്ത് രാഷ്ട്രീയ വൈരാഗ്യം നിലനിൽക്കുന്നതായി വരുത്തിത്തീർക്കാനും,അന്വേഷണം തങ്ങളിലേക്ക് നീളാതിരിക്കാനും പ്രതികൾ തന്ത്രപൂർവ്വം കരുക്കൾ നീക്കിയതായി പൊലീസ് കണ്ടെത്തി എന്നാൽ സൈബർ സെല്ലിൻ്റെയും പ്രാദേശിക സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യുവതികൾ കുടുങ്ങിയത്. അറസ്റ്റിലായ രണ്ടാമത്തെ പ്രതി ഗായത്രിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരതിയുടെ ആരോഗ്യനില നിരീക്ഷിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

Post a Comment

0 Comments