റായ്പൂർ: ബാങ്കിൽ നിന്ന് പെൻഷൻ തുക കൈപ്പറ്റുന്നതിനായി തൊണ്ണൂറുകാരിയായ ഭർതൃമാതാവിനെയും തോളിലേറ്റി പൊരിവെയിലിലൂടെ വീട്ടമ്മ നടന്നത് ഒൻപത് കിലോമീറ്റർ. ഡിജിറ്റൽ ഇന്ത്യ കാലത്തെ ബാങ്കിങ് സിസ്റ്റത്തിന്റെ ക്രൂരത വെളിവാക്കുന്ന ഈ സംഭവം ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിലുള്ള മെയിൻപത്തിലാണ് ഉണ്ടായത്.
'സുഖ്മാനിയ ഭായ്' എന്ന വീട്ടമ്മയ്ക്കാണ് പ്രായത്തിന്റെ അവശതകളുള്ള തന്റെ അമ്മായിയമ്മയെയും ചുമന്ന് ഈ കടുംവെയിലിൽ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷവും ഭരണകൂടത്തിനെതിരെ വിമർശനവുമാണ് ഉയരുന്നത്.
റോഡില്ല, വണ്ടിയില്ല; എല്ലാത്തിനും ഏക ആശ്രയം നടത്തം
വനത്തിനോട് ചേർന്ന് കിടക്കുന്ന ഉൾഗ്രാമ പ്രദേശമായതിനാൽ ഇവർ താമസിക്കുന്ന സ്ഥലത്ത് യാതൊരുവിധ ഗതാഗത സൗകര്യങ്ങളുമില്ല. ഒരു അടിയന്തര ഘട്ടമുണ്ടായാൽ പോലും പ്രദേശവാസികൾക്ക് കിലോമീറ്ററുകളോളം നടന്നുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 90 വയസ്സായ അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അത്രയും ദൂരം നടക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെയാണ് സുഖ്മാനിയ അമ്മയെ സ്വന്തം തോളിലേറ്റാൻ തീരുമാനിച്ചത്.
'പണം വേണമെങ്കിൽ നേരിട്ട് വരണം'; മാസങ്ങളായുള്ള ദുരിതം
തന്റെ ബാങ്ക് അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് ബാങ്കിൽ ഹാജരാകണം എന്ന് അധികൃതർ കർശന നിലപാടെടുത്തതോടെയാണ് തനിക്ക് ഈ സാഹസത്തിന് മുതിരേണ്ടി വന്നതെന്ന് സുഖ്മാനിയ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ ഇതേ രീതിയിലാണ് അമ്മയെയും കൊണ്ട് ബാങ്കിലേക്ക് പോകുന്നതെന്നും ഇവർ വ്യക്തമാക്കി.
അവശത അനുഭവിക്കുന്ന വയോധികർക്ക് വീട്ടിൽ വെച്ച് പെൻഷൻ നൽകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കെ, ഒരു വൃദ്ധയെ ഇത്തരത്തിൽ കിലോമീറ്ററുകളോളം ചുമന്ന് ബാങ്കിലെത്തിക്കേണ്ടി വന്ന അവസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ആവശ്യം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.