Ticker

6/recent/ticker-posts

പയ്യന്നൂരിൽ വീണ്ടും ആക്രമണം: സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ കാർ കത്തിച്ചു; വീടിന് നേരെയും അക്രമം

കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിക്കു നേരെ ആക്രമണം. കുഞ്ഞികൃഷ്ണന്റെ സജീവ പ്രവർത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് അർധരാത്രിയിൽ അക്രമം നടന്നത്. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അഗ്നിക്കിരയാക്കാനും അക്രമി സംഘം ശ്രമിച്ചു.
​വ്യാഴാഴ്ച അർധരാത്രിയോടെയാണ് പുരുഷോത്തമന്റെ വീടിന് നേരെ അക്രമമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്ത അക്രമികൾ, മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമായിരുന്ന വ്യക്തിയാണ് പുരുഷോത്തമൻ.
​ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർ ആരോപിച്ചു. താൻ ഇപ്പോഴും സി.പി.ഐ.എം അംഗമാണെന്നും എന്നാൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നും പുരുഷോത്തമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖംമൂടി ധരിച്ചെത്തിയ സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. നേരത്തെ കുഞ്ഞികൃഷ്ണന്റെ മറ്റൊരു അനുഭാവിയായ പ്രസന്നന്റെ ബൈക്ക് കത്തിച്ച സംഭവത്തിലും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങൾ പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

Post a Comment

0 Comments