Ticker

6/recent/ticker-posts

കുരുന്നുകളുടെ മികവഴക് സംഗമം ‘കുഞ്ഞോളം വാനോളം’ ശ്രദ്ധേയമായി


പേരാമ്പ്ര: ഉപജില്ലയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷി വിളിച്ചോതുന്ന ‘കുഞ്ഞോളം വാനോളം’ ഏകദിന ശില്പശാലയും മികവുകളുടെ പ്രദർശനവും പേരാമ്പ്ര എ.യു.പി സ്കൂളിൽ നടന്നു. ഉപജില്ലയുടെ തനത് പരിപാടിയായി സംഘടിപ്പിക്കപ്പെട്ട ഈ സംഗമം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും കുട്ടികളുടെ കലാപ്രകടനങ്ങളും പരിപാടിയെ വേറിട്ടതാക്കി.
എഴുപതോളം സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ശില്പശാലയിൽ, അമ്പതിലധികം സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി അധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പാഠപുസ്തക സമിതി അംഗവുമായ ഡോക്ടർ ടി.പി കലാധരൻ മുഖ്യപ്രഭാഷണം നടത്തി.
ഗാനരചയിതാവ് രമേശ് കാവിൽ പുസ്തക പ്രകാശനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എസ്.എം ശ്രീനിവാസൻ, ബാലസാഹിത്യകാരി കെ. സൈജ ടീച്ചർ, എച്ച്.എം ഫോറം കൺവീനർ കെ. സജീവൻ, വിദ്യാരംഗം കോഡിനേറ്റർ വി.എം അഷ്റഫ്, പി. രാമചന്ദ്രൻ, ടി.കെ ഉണ്ണികൃഷ്ണൻ, ടി.കെ നൗഷാദ്, കെ. റീന, പി.വി ഷീബ, എസ്.ഡി ഇന്ദുജ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം റിജു ആവള അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.

Post a Comment

0 Comments