Ticker

6/recent/ticker-posts

മരണത്തിലും നന്മയായി കൊച്ചുമാലാഖ; ആലിനിലൂടെ നാലുപേർക്ക് പുതുജീവൻ,


​തിരുവനന്തപുരം/കൊച്ചി: വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ലോകം കാണാൻ പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ആലിൻ മടങ്ങുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണിന്റെയും ഷെറിൻ്റെയും മകളായ ആലിൻ്റെ വിയോഗം നാടിന്റെ ഒന്നാകെ നോവായി മാറിയിരിക്കുകയാണ്.

​വേദനയ്ക്കിടയിലും മഹത്തായ മാതൃക
​കഴിഞ്ഞ അഞ്ചാം തീയതി മാതാവിനൊപ്പം സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സ തുടരുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ചതോടെ, ആ നുറുങ്ങുന്ന വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിൻ്റെ കരളും, വൃക്കകളും, ഹൃദയവാൽവും, കണ്ണുകളുമാണ് ഇനി മറ്റുള്ളവർക്ക് ജീവന്റെ വെളിച്ചമാകുന്നത്.
​വേഗമൊഴിയാതെ ആംബുലൻസ്; നാടൊന്നിച്ചു വഴിയൊരുക്കി
​കൊച്ചിയിലെ ആശുപത്രിയിൽ നിന്നും അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് കുതിച്ച ആംബുലൻസിനായി കേരളം ഒന്നടങ്കം വഴിയൊരുക്കി. പോലീസ് അകമ്പടിയോടെ രാത്രി ഏഴുമണിക്ക് പുറപ്പെട്ട വാഹനം വെറും മൂന്നര മണിക്കൂർ കൊണ്ട് തലസ്ഥാനത്തെത്തി. ഡോ. വർഗീസ് എൽദോയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.
​അന്ത്യയാത്രയിൽ ഗാർഡ് ഓഫ് ഓണർ
​ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലിൻ്റെ ഭൗതിക ശരീരത്തിന് ആശുപത്രി അധികൃതർ ഗാർഡ് ഓഫ് ഓണർ നൽകി ആദരമർപ്പിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്വന്തം കുഞ്ഞിന്റെ വിയോഗത്തിലും മറ്റൊരാൾക്ക് ആയുസ്സ് നൽകാൻ തീരുമാനിച്ച ആലിന്റെ മാതാപിതാക്കളെ പ്രണാമത്തോടെയാണ് മലയാളി സമൂഹം നോക്കിനിൽക്കുന്നത്

Post a Comment

0 Comments