Ticker

6/recent/ticker-posts

വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തണം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി




വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്നും അല്ലെങ്കിൽ ലഹരി പോലുള്ള ആപത്തിലേക്ക് പോകാനിടയാകുമെന്നും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പൂരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം 2025' കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർഗാത്മകമായ ഭാവനകളും ചിന്തകളും സമന്വയിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക ഉത്സവമാണ് സർഗോത്സവം. രാഷ്ട്രത്തിന്റെ പുനർനിർമ്മാണ പ്രവൃത്തിയിൽ യുവാക്കളെ പങ്കാളികളാക്കാൻ സർഗോത്സവം പോലുള്ള കലാപരിപാടികൾക്കാകുമെന്നും മന്ത്രി പറഞ്ഞു.

ഒരുകാലത്ത് അടിച്ചമർത്തപ്പെടലിന്റെയും അവഗണയുടെയും വേദന സഹിക്കേണ്ടിവന്ന സമൂഹത്തെ മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിച്ച നയമാണ് സംസ്ഥാന സർക്കാരിന്റേത്. സമസ്ത മേഖലയിലും അന്തരങ്ങൾ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു. നിലവിൽ തുല്യതയോടെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായി. പഠനത്തിനൊപ്പം സർഗപരമായ കഴിവുകൾ മാറ്റുരയ്ക്കാൻ അവസരം നൽകുന്ന പ്രധാന വേദിയാണ് സർഗോത്സവമെന്ന് എംഎൽഎ പറഞ്ഞു. എം വിജിൻ എം എൽ എ മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, കണ്ണൂർ നോർത്ത് എ ഇ ഒ ഇബ്രാഹിം കുട്ടി രയരോത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സ്വാഗത സംഗീത ശിൽപ്പം അരങ്ങേരി.

ശ്രദ്ധേയമായി വിളമ്പര ഘോഷയാത്ര

കണ്ണൂരിൽ ഡിസംബർ 28 മുതൽ 30 വരെ നടക്കുന്ന പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെയും ഹോസ്റ്റലുകളിലേയും വിദ്യാർത്ഥികളുടെ കലാമേള സർഗോത്സവം 2025 ൻ്റെ വരവറിയിച്ചു വിളംബരഘോഷയാത്ര നടന്നു. സെന്റ്‌ മൈക്കിള്‍സ് ആഗ്ലോ ഇന്ത്യന്‍ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര പ്രധാന വേദിയായ കലക്‌ട്രേറ്റ് മൈതാനിയിൽ സമാപിച്ചു.

രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം എൽ എമാരായ കെ.വി സുമേഷ്, എം വിജിൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ അണിനിരന്നു. ആദിവാസി പരമ്പരാഗത കലാരൂപങ്ങളുടേയും തുടിതാളങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. 

Post a Comment

0 Comments