മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. നിരവധി വികസന മാതൃകകൾ തീർത്ത ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മണ്ഡലത്തിന്റെ ആകെ വികസന പ്രവർത്തനങ്ങളുടെ പരിച്ഛേദം ആണെന്ന് എംഎൽഎ പറഞ്ഞു. സർവതല സ്പർശിയായ സമഗ്ര വികസനത്തിനാണ് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ നടന്നു.
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് പ്രാദേശിക വികസനത്തിന് കൂടി പ്രയോജനപ്പെടുത്തുക, പകൽ വീടുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
സംഗീതജ്ഞൻ ഹരിപ്പാട് കെ പി എൻ പിള്ള, ബാലസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ഡോ. കെ ശ്രീകുമാർ, വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അസ്സയിനാർ എമ്മച്ചംകണ്ടി, ജില്ലാപഞ്ചായത്ത് അംഗം പി പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി ബി സബിത, സിഡിഎസ് ചെയർപേഴ്സൺ സജിഷ മഹേഷ്, കില റിസോഴ്സ് പേഴ്സൺ നിധിൻ, അസി. സെക്രട്ടറി കെ സജ്‌ന തുടങ്ങിയവർ പങ്കെടുത്തു.
*കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങൾ*
അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പം നിന്നുകൊണ്ട് 136 കുടുംബങ്ങളെ മുക്തരാക്കാൻ പഞ്ചായത്തിന് സാധിച്ചു. ഇതിൽ 13 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 257 പേർ ലിസ്റ്റിൽ ഉൾപ്പെടുകയും 198 പേർ കരാറിൽ ഏർപ്പെടുകയും ചെയ്തു. 158 പേർ വീട് നിർമ്മാണം പൂർത്തിയാക്കി. 40 വീടുകൾ നിർമ്മാണ ഘട്ടത്തിൽ ആണ്.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 2,140 പഠിതാക്കളുടെ പരിശീലനവും ഇവാലുവേഷനും പൂർത്തിയാക്കാൻ പഞ്ചായത്തിന് സാധിച്ചു. കൃത്യമായ മാലിന്യ ശേഖരണവും സംസ്കരണവും പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നു. 100 ശതമാനമാണ് വാതിൽ പടി ശേഖരണം. 34 ഹരിത കർമ്മ സേന അംഗങ്ങളാണ് മാലിന്യ ശേഖരണം നടത്തുന്നത്. 73 മാലിന്യ ശേഖരണ ബിന്നുകളും 56 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു കഴിഞ്ഞു. 7,820 കുടുംബങ്ങളാണ് ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മൂന്ന് പ്രവർത്തികളാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. 580 രോഗികൾക്ക് പാലിയേറ്റീവ് സംവിധാനത്തിലൂടെ പരിചരണം ലഭിക്കുന്നുണ്ട്. കെ സ്മാർട്ട് പദ്ധതിയിലൂടെ 33,648 പേർക്ക് സേവനം നൽകി.
ആയുർവേദ ആശുപത്രി, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, ഡിജിറ്റലൈസ്ഡ് മീറ്റിംഗ് ഹാൾ, ഹെൽത്ത് ഗ്രാൻഡ്, 83 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികൾ, കാർഷിക വികസന പദ്ധതികൾ, തരിശ് രഹിത പ്രവർത്തനങ്ങൾ, 1327 പേർക്ക് ക്ഷേമപെൻഷനുകൾ, 89 മൈക്രോ സംരംഭങ്ങൾ, മൂന്ന് കോടിയിൽ അധികം രൂപ ഉപയോഗിച്ച് പൊതുഭരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കൽ, ആറുകോടിയിൽ അധികം രൂപയുടെ പട്ടികജാതി വികസനം തുടങ്ങി മുഴുവൻ മേഖലകളിലും സമഗ്ര വികസനമാണ് പഞ്ചായത്തിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.