Ticker

6/recent/ticker-posts

കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനം:ആര്‍എസ്എസ്സിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നത് - റോയ് അറയ്ക്കല്‍

സംഘപരിവാര ജിഹ്വയായ കേസരിയില്‍ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനം ആര്‍എസ്എസ്സിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ക്രൈസ്തവ സമൂഹത്തെ കടന്നാക്രമിക്കുകയാണ്. വിചാരധാര അക്കമിട്ടു നിരത്തിയ ആഭ്യന്തര ശത്രുക്കളില്‍ രണ്ടാമത്തേത് ക്രൈസ്തവ സമൂഹമാണ്. മുസ് ലിം വിരുദ്ധത ഇളക്കിവിട്ടും ആഘോഷ വേളകളില്‍ അരമനകള്‍ സന്ദര്‍ശിച്ച് വിശിഷ്ട വിഭവങ്ങള്‍ നല്‍കിയും കേക്കു മുറിച്ചും ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനുള്ള കപട വേഷം കെട്ടുന്ന ആര്‍എസ്എസ്സിന്റെ തനിനിറമാണ് ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മണിപ്പൂരിലും ഛത്തിസ്ഗഢിലുമുള്‍പ്പെടെ നടക്കുന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഭേദഗതി ചെയ്തും ഭീകര വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തും ആര്‍എസ്എസ്സിന്റെ മതരാഷ്ട്ര നിര്‍മാണത്തിന് ആക്കം കൂട്ടുകയാണ്. നീലക്കുറുക്കന് അധിക നാള്‍ നാട്യങ്ങള്‍ തുടരാനാവില്ലെന്നും അത് അതിന്റെ യഥാര്‍ഥ സ്വഭാവം പുറത്തെടുക്കുമെന്നും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് കേസരിയിലെ ലേഖനം. ഇനിയെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെയും മറ്റ് ദലിത്-ആദിവാസികളുടെയുമൊക്കെ സംരക്ഷണത്തിനും നിയമപോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കുകയും സംഘപരിവാരത്തിന്റെ അപരമത വിദ്വേഷങ്ങളെയും മറ്റു ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെയും തുറന്നു കാണിക്കാനുമുള്ള ഇടപെടല്‍ ക്രൈസ്തവ മത നേതൃത്വങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും റോയ് അറയ്ക്കല്‍ അഭ്യര്‍ഥിച്ചു.

 

Post a Comment

0 Comments