Ticker

6/recent/ticker-posts

ടി എസ് ജി.വി.എച്ച്.എസ്.എസ് പയ്യോളിയിൽ പ്രവർത്തിച്ചു വരുന്ന മിൽമ ബൂത്ത്, ക്യാൻ്റീൻ എന്നിവപ്രവർത്തിക്കുന്നതിൽ ക്രമക്കേടെന്ന് ആരോപണം: വിപി ദുൽഖഫിൽ പരാതി നൽകി


പയ്യോളി: ടി.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യോളി സ്കൂളിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തും കാന്റീനും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണം. ജില്ലാ പഞ്ചായത്തിന്റെ  സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ പരാതിയിൽ പറയുന്നു.

ഈ വിഷയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ/അനുബന്ധ അധ്യാപകർ ജില്ലാ പഞ്ചായത്തിന്റെ അനുവാദമില്ലാതെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കി നൽകിയെന്നും, ഡെപ്പോസിറ്റും വാടകയും കൈപ്പറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള വാടക വരുമാനത്തിന്റെ കണക്കുകൾ ആരെയാണ് ബോധിപ്പിക്കാറുള്ളതെന്ന് വ്യക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ചില താൽപ്പര്യ കക്ഷികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും വി.പി. ദുൽഖിഫിൽ പരാതിയിൽ ആരോപിക്കുന്നു.

ഈ വിഷയം ജില്ലാ പഞ്ചായത്തിന്റെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതായതുകൊണ്ട് അതീവ ഗൗരവത്തോടെ കാണണമെന്നും, ഇത് അധികാര ദുർവിനിയോഗമാണെന്നും പരാതിയിൽ പറയുന്നു. 

Post a Comment

0 Comments