Ticker

6/recent/ticker-posts

താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ  ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്
ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍വച്ചാണ് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടന്നത്. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്ക് തുടങ്ങാൻ കാരണമായത്. ഇതിനു പകരം വീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് സംഘര്‍ഷം ഉണ്ടാക്കിയത്.

ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് പറഞ്ഞു. പുറമേ കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെയാണ് വീട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി.

Post a Comment

0 Comments