പന്തിരിക്കര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര ടൗണിലും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തി കൊണ്ട് വർധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി. ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കല്ലൻകണ്ടി സൂപ്പിയുടെ ആടിനെയും ആട്ടിൻകുട്ടികളെയും തെരുവ് നായ്ക്കൾ കടിച്ചു കൊല്ലുകയും സ്കൂൾ വിട്ടു പോകുന്ന കടിച്ച സംഭവവും ഉണ്ടായതിനെ തുടർന്നാണ് പന്തിരിക്കര ബ്രാഞ്ച് സെക്രട്ടറി ഒ.ടി. അലി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകിയത്. ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാരും സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന പിഞ്ചുകുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം കഴിഞ്ഞ ദിവസം വിദ്യാർത്ഥിക്ക് നേരെയുണ്ടായ തെരുവ് നായ്ക്കളുടെ ആക്രമണം മൂലം ഭീതിയിലാണ്. കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷ ബാധ മൂലം മരണപ്പെട്ടവരുടെ സംഖ്യ കഴിഞ്ഞ കാലങ്ങളേക്കാൾ വളരെ ഉയർന്നതാണെന്നും കൂടാതെ കുട്ടികളെയും യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിച്ച് അപകടപ്പെടുത്തുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും ഇരുചക്ര വാഹന യാത്രക്കാരുടെ മരണത്തിലേക്ക് പോലും തെരുവ് നായ്ക്കളുടെ ആക്രമണം മൂലമുള്ള അപകടം കാരണമാകുന്നുണ്ടെന്നും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന ഈ ഭാഗങ്ങളിലെ തെരുവ് നായ്ക്കളുടെ ശല്യം എത്രയും വേഗം പരിഹരിക്കണമെന്നും എസ്.ഡി.പി.ഐ പന്തിരിക്കര ബ്രാഞ്ച് സെക്രട്ടറി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നൽകിയതായും ഒ.ടി. അലി പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് അസീസ് പന്തിരിക്കര, കെ. സാദത്ത്, ഹമീദ് വളപ്പിൽ എന്നിവരും പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.