Ticker

6/recent/ticker-posts

യുവജനങ്ങളിൽ സംരംഭകത്വ സംസ്കാരം വളർത്താൻ 'സ്റ്റാർട്ടപ്പ് വണ്ടി' യാത്രയ്ക്ക് തുടക്കം; ഫ്ലാഗ് ഓഫ് നിർവഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 



കൊയിലാണ്ടി: യുവജനങ്ങളിലും വിദ്യാർത്ഥികളിലും സംരംഭകത്വ സംസ്കാരം വളർത്തുന്നതിനും നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സ്റ്റാർട്ടപ്പ് ഇ പ്ലസ്' പദ്ധതിയുടെ ഭാഗമായുള്ള 'സ്റ്റാർട്ടപ്പ് വണ്ടി' യാത്ര ആരംഭിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 10-ന് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.


നൂതന ആശയങ്ങൾ കണ്ടെത്തുന്ന ഒരു തീർത്ഥയാത്രയാണ് സ്റ്റാർട്ടപ്പ് ഇ പ്ലസിന്റെ വണ്ടി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ സംരംഭങ്ങളെക്കുറിച്ച് യുവാക്കൾ ചിന്തിക്കണമെന്നും നിക്ഷേപമാണ് പുതിയ മന്ത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നാടിന് പുരോഗതിയുണ്ടാവുകയുള്ളൂവെന്നും മൂലധനത്തെക്കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്നും അത് സംരംഭകർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വടകരയിൽ നിന്ന് ആരംഭിച്ച് സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പ് ഇ പ്ലസ് എട്ട് മാസം ദൈർഘ്യമുള്ള അഞ്ച് ഘട്ടങ്ങളിലായുള്ള സംരംഭകത്വ വികസന പദ്ധതിയാണ്. വടകര മണ്ഡലത്തിൽ നിന്നും തുടങ്ങുന്ന ഈ വണ്ടി യാത്രാ പദ്ധതിയേതുടർന്ന് സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലൂടെയും കടന്നുപോയി കുട്ടികളുടെ ആശയങ്ങൾ ശേഖരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാവിധ പിന്തുണയും പദ്ധതിയിലൂടെ ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകൾ, കോളേജുകൾ, യൂത്ത് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് വണ്ടി എത്തും. വിദ്യാർത്ഥികളിൽ നിന്നും യുവജനങ്ങളിൽ നിന്നും സംരംഭക ആശയങ്ങൾ ശേഖരിക്കുക, വിജയകരമായ സംരംഭകരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുക, ബിസിനസ് സാധ്യതകളെയും പുതിയ സംരംഭങ്ങളുടെ ആരംഭത്തെയും കുറിച്ച് വിദഗ്ധ സെഷനുകൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്കായി സംരംഭകത്വ ക്വിസ് നടത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന പ്രധാന പ്രവർത്തനങ്ങൾ.

ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. ഡെവലപ്‌മെന്റ് ആൻഡ് പോളിസി അനലിസ്റ്റ് അഖിൽ കുര്യൻ പദ്ധതിയെക്കുറിച്ചുള്ള ആമുഖ പ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.കെ. രമ, ഫാത്തിമ തഹ്ലിയ, കെ.എം. അഭിജിത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. മെറിൻ ജോസഫ് ഐ.പി.എസ്, കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ടി. ഷാജിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വിജേഷ് ഉപ്പാലക്കൽ, പ്രോഗ്ബിസ് സ്ഥാപകനും സി.ഇ.ഒയുമായ മുർഷിദ് പുളികട, ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് എ. സജീവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രിൻസിപ്പൽ കെ.കെ. സുധാകരൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Post a Comment

0 Comments