Ticker

6/recent/ticker-posts

മണിയൂർ പോക്‌സോ കേസ്: പ്രതി വടകര ചങ്ങരോത്ത് റഫീഖിനെ റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ നാളെ നൽകും

 


കൊയിലാണ്ടി: മണിയൂർ പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതി വടകര ചങ്ങരോത്ത് സ്വദേശി റഫീഖിനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകീട്ടോടെയാണ് പ്രതിയെ കൊയിലാണ്ടി പോക്‌സോ കോടതിയിൽ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

കേസിന്റെ തുടരന്വേഷണം നടത്തുന്ന വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാറാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണത്തോട് പ്രതി പൂർണ്ണമായി സഹകരിക്കുമോ എന്ന കാര്യം കസ്റ്റഡിയിൽ ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് ഡി.വൈ.എസ്.പി. അറിയിച്ചു. എത്ര ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന കാര്യം നാളെ കോടതി തീരുമാനിക്കും.


ബുധനാഴ്ച രാവിലെ ചെങ്ങോട്ടുകാവിൽ വെച്ച് കുടുംബത്തോടൊപ്പം സഞ്ചരിക്കവേയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് വൈകീട്ടോടെ കൊയിലാണ്ടി പോക്‌സോ കോടതിയിലേക്ക് കൊണ്ടുവന്നത്.

ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ജൂലൈ 24-ന് ഹൈക്കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് ജാമ്യം നേടി സെപ്റ്റംബർ 29-ന് ഇയാൾ നാട്ട തിരിച്ചെത്തി.
എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. പയ്യോളി പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തമായതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയായിരുന്നു. തുടർന്ന് ഒക്ടോബർ 24-ന് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇയാൾ വീണ്ടും ഒളിവിലാണ് പോയത്. കോടതി വളപ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.
ഇതിനിടെ കൊയിലാണ്ടി കോടതിയുടെ വിധി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഈ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീക്കി. ഇതോടെയാണ് പോലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments