നാദാപുരം: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും ഭയരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ‘സേഫ് ഓട്ടോസ്’ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 2026 നവംബർ 17ന് നാദാപുരം ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണവും പരിശീലനവും നൽകി.
സ്ത്രീകളുടെ ലിംഗപരമായ അവകാശങ്ങൾ, യാത്രാവേളയിൽ ഡ്രൈവർമാർ പാലിക്കേണ്ട പെരുമാറ്റ രീതികൾ, സ്ത്രീ സൗഹാർദ യാത്ര ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളും കടമകളും എന്നിവ സംബന്ധിച്ചായിരുന്നു പരിശീലനം.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ ഡ്രൈവർമാർക്ക് വാഹനങ്ങളിൽ പതിക്കാനായി ഡ്രൈവറുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യു.ആർ. കോഡ് അടങ്ങിയ സേഫ് ഓട്ടോ സ്റ്റിക്കറുകളും വിതരണം ചെയ്തു.
നാദാപുരം ഡിവൈഎസ്പി മനോജ് പി.എം അധ്യക്ഷത വഹിച്ചു. വടകര-കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ജയൻ വി.എം, നാദാപുരം ട്രാഫിക് യൂണിറ്റ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, നാദാപുരം സബ് ഇൻസ്പെക്ടർ ശ്രീജിൽ, വളയം സബ് ഇൻസ്പെക്ടർ ഹേമന്ത്, കുറ്റ്യാടി സബ് ഇൻസ്പെക്ടർ ജീതിൻ, തൊട്ടിൽപാലം സബ് ഇൻസ്പെക്ടർ സുഹൈൽ, നാദാപുരം കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
നാദാപുരം സി.ഐ കെ. മുരളീധരൻ സ്വാഗതവും സബ് ഇൻസ്പെക്ടർ അരവിന്ദൻ നന്ദിയും പറഞ്ഞു. സ്നേഹിത ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബുനി ‘സ്ത്രീ സൗഹാർദ യാത്ര: നിയമങ്ങളും കടമകളും’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
ഓട്ടോ പ്രതിനിധികളായ ബാബു ഓ, സുകുമാരൻ, അഷറഫ് പി.കെ, സജിത്ത് കല്ലാച്ചി, ബിജു നാദാപുരം എന്നിവരും ചടങ്ങിൽ സംസാരിച്ചു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.