Ticker

6/recent/ticker-posts

കോരപ്പുഴയിൽ കാരചെമ്മീൻ വിത്തുകൾ നിക്ഷേപിച്ചു; ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്




ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഉൾനാടൻ ജല ആവാസ വ്യവസ്ഥ സംരക്ഷണവും സംയോജിത മത്സ്യവിഭവ പരിപാലനവും 2026-2027’ പദ്ധതിയുടെ ഭാഗമായി കോരപ്പുഴയിൽ കാരചെമ്മീൻ വിത്തുകൾ നിക്ഷേപിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വേളൂർ വെസ്റ്റ് കടവിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ കാരചെമ്മീൻ കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ വിവിധ പൊതുജലാശയങ്ങളിൽ മത്സ്യോൽപാദനം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. ഉൾനാടൻ മത്സ്യബന്ധന മേഖല നേരിടുന്ന മത്സ്യസമ്പത്തിന്റെ ശോഷണം പരിഹരിക്കുന്നതിനൊപ്പം, പുഴകളെയും കായലുകളെയും ആശ്രയിച്ച് കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി. എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽകുമാർ, വാർഡ് മെമ്പർ എ. കെ. കുഞ്ഞായിൻകുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, അസിസ്റ്റന്റ് ഡയറക്ടർ ഡി. എസ്. ദിൽന, കൊയിലാണ്ടി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. രാഗേഷ്, വേളൂർ ആനപ്പാറ ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്റ് പി. പ്രഭാകരൻ, സെക്രട്ടറി പ്രിൻസി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments