ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതം, ജാതി എന്നിവ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡാറ്റാബേസിൽ സൂക്ഷിക്കാറില്ലെന്നും, അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക വിശകലനം നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ.) പിന്നാലെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ നിന്ന് പുറത്തായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നവദീപ് റിൻവ വ്യക്തമാക്കിയത്. വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീടിന്റെ നമ്പർ, ലിംഗം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് കമ്മിഷന്റെ ഡാറ്റാബേസിലുള്ളത്. മതം, ജാതി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർമാരുടെ കണക്കുകൾ തയ്യാറാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടിക ഒരു പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം നിലയിൽ പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരം കണക്കുകളെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വിവരങ്ങളായി കാണാനാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആകെ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7,38,58,510 പുരുഷന്മാരും 6,20,06,353 സ്ത്രീകളും 4,042 ട്രാൻസ്ജെൻഡർമാരുമുണ്ട്. 18-19 പ്രായപരിധിയിലുള്ള 11,83,352 പുതിയ വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബർ 28-നകം പരാതികൾ തീർപ്പാക്കിയ ശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.