Ticker

6/recent/ticker-posts

ഗൾഫ് പ്രതിസന്ധി: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ


ന്യൂഡൽഹി: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ഒക്ടോബർ 17 വരെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകളാണ് കമ്പനി നിർത്തിവച്ചത്. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ പ്രധാന നഗരങ്ങളിലേക്കും അവിടെനിന്നും തിരിച്ചുമുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്ന് ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങളിലേക്ക് കൃത്യസമയത്ത് തന്നെ അപ്ഡേറ്റുകൾ പങ്കുവെക്കുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കാണാൻ പ്രത്യേക സപ്പോർട്ട് ടീമുകൾ സജ്ജമാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ യാത്രാ നിർദ്ദേശത്തിൽ കമ്പനി വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് തുടരുന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളിൽ ഇതിനോടകം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിയന്ത്രിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments