ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ താത്കാലിക സ്റ്റേ. കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇത് വലിയ ആശ്വാസമാണ്. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികൾ കോടതി തടഞ്ഞിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ. ഇട്ടെന്നും ഇതിൽ ഇത്ര അടിയന്തര പ്രാധാന്യം എന്തുണ്ടായിരുന്നുവെന്നും ജസ്റ്റിസ് മോഹന കോടതിയിൽ ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി, ഹർജി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. പിണറായി വിജയന് അപ്പീൽ നൽകാനുള്ള അവസരം സർക്കാർ നഷ്ടപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തി. പിണറായിയുടെ അപ്പീൽ ഹൈക്കോടതി കേൾക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ എഫ്.ഐ.ആർ. ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചാണ് കേൾക്കേണ്ടിയിരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, നടപടികളിൽ പ്രതികളുടെ ഭാഗം കൂടി കേൾക്കാൻ നിർദ്ദേശിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സംസ്ഥാന സർക്കാരിന്റെ അസാധാരണ വേഗതയെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അവധിക്കാലത്ത് പ്രത്യേക സിറ്റിംഗ് നടത്തി പിണറായി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചത്.
വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. തുടർന്നാണ് അപ്പീലുമായി ഇവർ സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.