കോഴിക്കോട്: കോഴിക്കോട് പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന അച്ഛൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാന ശീലമുള്ള ഷിജിൻ സംഭവദിവസവും കടുത്ത മദ്യലഹരിയിലാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ക്രൂരമായി മർദ്ദനമേറ്റ് അവശയായ കുഞ്ഞിനെ അമ്മ അഞ്ജന ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആദ്യം മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി ക്ഷതമേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് പോലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഷിജിൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്. കൊലപാതകം പുറത്തുപറയാതെ മറച്ചുവെച്ചതിനാണ് അമ്മയായ അഞ്ജനയെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. ഷിജിൻ ഇതിനു മുൻപും കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.