Ticker

6/recent/ticker-posts

സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനായ അബൂട്ടി ചതിയിൽപ്പെട്ടതെന്ന് കുടുംബം; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്



തലശ്ശേരി: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തു കേസിൽ വധശിക്ഷയ്ക്ക് വിധേയനായ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി സൗഹൃദം നടിച്ചുള്ള ചതിയിൽപ്പെടുകയായിരുന്നുവെന്ന് കുടുംബം. ഒമാനിൽ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് സൗദിയിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് നൽകിയ വാഹനമാണ് അബൂട്ടിയുടെ ജീവിതം തകർത്തത്.

സൗദിയിലേക്ക് പോകാനായി നൽകിയ വാഹനത്തിൽ രണ്ട് പെട്രോൾ ടാങ്കുകൾ ഉണ്ടെന്നും, അതിലൊന്നിൽ ചോർച്ചയുള്ളതിനാൽ മറ്റ് ടാങ്കിൽ മാത്രമേ ഇന്ധനം നിറയ്ക്കാവൂ എന്നും സുഹൃത്ത് അബൂട്ടിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാൾ അറിയാതെ പെട്രോൾ ടാങ്കിനുള്ളിൽ ഒളിപ്പിച്ച 47 കിലോഗ്രാം ലഹരിവസ്തുക്കളുമായാണ് അബൂട്ടി സൗദി അതിർത്തിയിൽ പിടിയിലാകുന്നത്. തുടർന്ന് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസമാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

താൻ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും സൗദിയിലെത്തിയാൽ വിസ അയച്ചുതരാമെന്നും അബൂട്ടി ഫോണിലൂടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തിരുന്ന വീട്ടുകാർക്ക് മുൻപിലേക്ക് അബൂട്ടി എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സൗദി ജയിലിലാണെന്ന വിവരം അറിയുന്നത്. താൻ ചതിക്കപ്പെട്ടതാണെന്ന് പോലീസിനോടും കോടതിയിലും വ്യക്തമാക്കിയെങ്കിലും കർശന നിയമമുള്ള സൗദിയിൽ വധശിക്ഷ വിധിക്കുകയായിരുന്നു.

അപരിചിതരിൽ നിന്നോ ദുരൂഹ സാഹചര്യങ്ങളിലോ നൽകുന്ന ബാഗുകളും പാർസലുകളും വാങ്ങി യാത്ര ചെയ്യുന്നത് വൻ അപകടങ്ങളിലേക്ക് വഴിതെളിക്കുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വിദേശരാജ്യങ്ങളിലെ കർശന നിയമങ്ങൾ കണക്കിലെടുത്ത് പ്രവാസികൾ ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

0 Comments