Ticker

6/recent/ticker-posts

ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സത്യകി സവർക്കർ


മുംബൈ: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമോൻ സത്യകി സവർക്കർ. വിനായക് സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിന്റെ വിചാരണവേളയിലാണ് സത്യകിയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
പുനെ പ്രത്യേക കോടതിയിൽ വെളിപ്പെടുത്തൽ
തിങ്കളാഴ്ച പുനെ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സവർക്കറുടെ മറ്റ് കൂട്ടാളികളെക്കുറിച്ചും ഹിന്ദു മഹാസഭയിലെ അവരുടെ പങ്കിനെക്കുറിച്ചും ഗാന്ധിവധത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് സത്യകി കാര്യങ്ങൾ വ്യക്തമാക്കിയത്.
മഹാത്മാ ഗാന്ധി വധക്കേസിലെ പ്രതികളിൽ ഒരാളായ ഗോപാൽ ഗോഡ്‌സെ തന്റെ അമ്മയുടെ അച്ഛനാണെന്നും, നാഥുറാം ഗോഡ്സെ അദ്ദേഹത്തിന്റെ സഹോദരനാണെന്നും സത്യകി കോടതിയിൽ പറഞ്ഞു. ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്സെയും സജീവ ആർഎസ്എസ് പ്രവർത്തകരായിരുന്നുവെന്നും, വിനായക് സവർക്കറും ഈ കേസിൽ പ്രതിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിചാരണയും ശിക്ഷയും
കേസിൽ നാഥുറാം ഗോഡ്‌സെയ്ക്കും നാരായൺ ആപ്‌തെയ്ക്കും വധശിക്ഷയാണ് ലഭിച്ചതെന്നും, ഗോപാൽ ഗോഡ്‌സെയ്ക്ക് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടി വന്നുവെന്നും സത്യകി സമ്മതിച്ചു. ശിക്ഷയ്ക്ക് ശേഷം പൂനെയിൽ താമസമാക്കിയ ഗോപാൽ ഗോഡ്‌സെ പത്രങ്ങളിൽ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസിന് ആസ്പദമായ സംഭവം
2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സത്യകി പരാതി നൽകിയത്. ഒരു മുസ്ലീം വ്യക്തിയെ ആക്രമിക്കുന്നതിൽ സന്തോഷം തോന്നിയിരുന്നുവെന്ന് സവർക്കർ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് സത്യകി കോടതിയെ സമീപിച്ചത്.

Post a Comment

0 Comments