കാസർകോട്: സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യാവലിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ ആദ്യ ഘട്ടം മാത്രമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ അജണ്ടകൾ സ്കൂളുകളിൽ നടപ്പിലാക്കാൻ അനുവദിക്കില്ല
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയല്ല ഇതെന്നും പ്രാദേശികമായി നിർമ്മിച്ച ചോദ്യാവലിയാണ് മത്സരത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി സവിസ്തരം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയെ അധ്യാപകർ തങ്ങളുടെ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കാൻ അനുവദിക്കില്ല. ചരിത്രസത്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണതകൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വിവാദം കാസർകോട് ജില്ലയിലെ സ്കൂളുകളിൽ നടന്ന മത്സരത്തിൽ
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലെ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിലാണ് വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യങ്ങൾ ഉയർന്നുവന്നത്. സംഭവം വൻ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.