ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും സാധാരണക്കാർക്കുമായി കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചതായി വിജയ് നിയമസഭയിൽ അറിയിച്ചു.
ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. വെട്രി പയന തിട്ടം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്കായി പ്രതിവർഷം 6,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.
സൗജന്യ ഗ്യാസ് സിലിണ്ടറും പരന്തൂർ പദ്ധതി റദ്ദാക്കലും
രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് വരാനിരിക്കുന്ന പൊങ്കൽ പ്രമാണിച്ച് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആനുകൂല്യം 1.34 കോടി കുടുംബങ്ങൾക്ക് ലഭിക്കും. പണം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുക.
ഇതോടൊപ്പം തമിഴ്‌നാട് കാഞ്ചീപുരത്ത് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പരന്തൂർ വിമാനത്താവള പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായും വിജയ് നിയമസഭയെ അറിയിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചെന്നൈയിൽ മറ്റൊരു അനുയോജ്യമായ സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്നും നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ പണിയുമെന്നും വ്യക്തമാക്കി.
പരന്തൂരിലെ 13 ഗ്രാമങ്ങളിലെ 5,746 ഏക്കർ ഭൂമി ഏറ്റെടുത്ത് 29,400 കോടി രൂപ ചെലവിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിന്റെ നീക്കത്തിനെതിരെ കർഷകർ നടത്തിയ സമരത്തിന് വിജയ് ശക്തമായ പിന്തുണ നൽകിയിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.