Ticker

6/recent/ticker-posts

വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഏഴ് മാസം ഗർഭിണിയായ പയ്യോളി സ്വദേശിനി മരണപ്പെട്ടു; മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം



കൊയിലാണ്ടി: അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു. പയ്യോളി താരയിൽ വിരുന്ന് കണ്ടി പരേതനായ സമീറിന്റെ മകൾ ഷമീമ (28) ആണ് ഒന്നര മാസത്തോളമായി വെന്റിലേറ്ററിൽ തുടരവേ ഇന്ന് പുലർച്ചെ നാല് മണിയോടെ മരണത്തിന് കീഴടങ്ങിയത്.
മാതാവ് വീട്ടിലെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ
ഏഴ് മാസം ഗർഭിണിയായിരുന്ന ഷമീമയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് മാതാവ് അരിക്കുളത്തെ വാടകവീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. ഈ സമയം ഷമീമ വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 45 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ ജീവൻ നിലനിർത്തിയിരുന്നത്.

ഷമീമയുടെ മരണത്തിൽ വലിയ സംശയങ്ങളുണ്ടെന്നും സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു. മകൾ: മിന്നൂസ്. മാതാവ്: അസ്മ. സഹോദരൻ: ഷാമിൽ.

Post a Comment

0 Comments