Ticker

6/recent/ticker-posts

കേരളത്തിൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം; സ്റ്റേഷൻ ചുമതല ഇനി എസ്ഐമാർക്ക്, എന്റെ പോലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണ നിർവ്വഹണത്തിൽ ഇന്ന് മുതൽ സമഗ്ര മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. സ്റ്റേഷനുകളുടെ ഭരണപരമായ ചുമതലകൾ (എസ്എച്ച്ഒ) ഇനിമുതൽ എസ്ഐമാർ ഏറ്റെടുക്കും. മുൻഗണനാ പട്ടികയിലുള്ള വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി തുടരുക. പോലീസിനെ കുറച്ചുകൂടി ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള എന്റെ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും.
ചരിത്രപരമായ മാറ്റമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കേരള പോലീസ് സംവിധാനത്തിൽ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന വലിയൊരു കർമ്മ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്. പോലീസ് ചരിത്രത്തിൽ തന്നെ ഇതൊരു നിർണ്ണായക തീരുമാനമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, പോലീസ് സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സേവനങ്ങൾ കൂടുതൽ സുതാര്യമാകും
കസ്റ്റഡി മർദ്ദനങ്ങൾ, അനധികൃത തടഞ്ഞുവെക്കലുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി ശാസ്ത്രീയ അന്വേഷണ രീതികൾക്ക് മുൻഗണന നൽകാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
ഇതോടൊപ്പം രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനിക രീതിയിലേക്ക് മാറ്റും. സ്റ്റേഷനുകളിൽ നിന്നുള്ള സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി ഡിഐജിമാരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര നിരീക്ഷണ സംവിധാനം നിലവിൽ വരും. കൂടാതെ പരാതികൾ ലഭിക്കുന്നത് മുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ഡിജിപിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കാനും പുതിയ പദ്ധതിയിലൂടെ തീരുമാനമായിട്ടുണ്ട്.

Post a Comment

0 Comments