വടകര: മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വീണ്ടും രൂക്ഷമായ സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പള്ളിക്കുള്ളിൽ കടന്ന പോലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. വർഷങ്ങളായി പള്ളി ഭരണവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.
നബിദിന പരിപാടിയെച്ചൊല്ലി തർക്കം
അടുത്തിടെ പാണക്കാട് വെച്ച് നടന്ന ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ ധാരണയായിരുന്നു. എന്നാൽ നബിദിനത്തോടനുബന്ധിച്ച് ഇതേ ഖത്തീബിന്റെ നേതൃത്വത്തിൽ പള്ളിയിൽ മൗലീദ് പാരായണം നടത്തിയെന്ന് ആരോപിച്ച് എതിർ വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇത് വാക്കുതർക്കത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും നീങ്ങി.
പോലീസ് ഇടപെടൽ, വിഭാ ഗങ്ങൾക്കിടയിൽ അമർഷം
ചൊവ്വാഴ്ച ഉച്ചമുതൽ പ്രദേശത്ത് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ ചോമ്പാല പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗം ഭാരവാഹികളെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ രാത്രിയോടെ സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു.
തുടർന്ന് മഹല്ല് കമ്മിറ്റി വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തുകയും പള്ളിക്കുള്ളിൽ കയറി ലാത്തിവീശി ആളുകളെ പിരിച്ചുവിടുകയുമായിരുന്നു. അതേസമയം വിശുദ്ധമായ പള്ളിക്കകത്ത് പോലീസിനെ കയറ്റി നടപടിയെടുപ്പിച്ചതിനെതിരെ വിമത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.