സംസ്ഥാന ഗവൺമെന്റിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) മൂടാടിയിലുള്ള കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ 'ഇലക്ട്രോണിക്സ് വില്ലേജ് ആയി ഓഗസ്റ്റ് 24-ന് 4 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രഖ്യാപിക്കും.
ഇപ്പോൾ മൂടാടിയിലെ കെൽട്രോണിൽ ശ്രവണ സഹായി ഉൾപ്പടെയുള്ള ചില മെഡിക്കൽ അസിസ്റ്റീവ് ഉപകരണങ്ങൾ നിർമ്മിച്ച് വരുന്നുണ്ട് , ഈ വിഭാഗത്തിന് ഊന്നൽ നൽകി കൊണ്ട് കൂടുതൽ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് വില്ലേജിന്റെ ആദ്യഘട്ടം.നിലവിലുള്ള ഉത്പാദനത്തിനപ്പുറം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ നിർമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അസിസ്റ്റീവ് ടെക്നോളജി വ്യവസായ ക്ലസ്റ്ററായി മൂടാടിയെ മാറ്റാനാണ് പദ്ധതി. ഇത്തവണത്തെ ബജറ്റിൽ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. നിലവിൽ മൂടാടിയിലുള്ള കെൽട്രോൺ നിർമിച്ചുവരുന്ന ഡിജിറ്റൽ ശ്രവണസഹായിയുടെ അത്യാധുനിക മോഡലുകളും ഇവിടെ ഇനി നിർമിക്കും.
നിലവിൽ മൂടാടിയിലുള്ള കെൽട്രോൺ നിർമിക്കുന്ന ശ്രവണ സഹായിക്കും ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെൽട്രോൺ ശ്രവൺ ശ്രേണിയിൽ “ശ്രവൺ നിയോ”, “ശ്രവൺ മിനി” എന്നീ ശ്രവണസഹായികളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
പതിമ്മൂന്നേക്കറിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ ലൈറ്റിങ് ഡിവിഷന്റെ ഭൂമി ഉപയോഗപ്പെടുത്തി നിലവിലുള്ള കെൽട്രോൺ ഫാക്ടറിയുടെ പ്ലാന്റ് പുതിയ പദ്ധതിക്കായി വിപുലീകരിക്കും. മെഡിക്കൽ ഇലക്ട്രോണിക്സ്, ഹെൽത്ത് ടെക്നോളജി, ഭിന്നശേഷിക്കാർക്കായുള്ള അസിസ്റ്റീവ് മൊബിലിറ്റി എന്നീ മേഖലകളിൽ വലിയൊരു നിർമാണശൃംഖല കെൽട്രോൺ ലൈറ്റിങ് ഡിവിഷനു കീഴിൽ ഒരുക്കുക എന്നതാണ് ഇലക്ട്രോണിക്സ് വില്ലേജുകൊണ്ട് വിഭാവനം ചെയ്യുന്നത്.
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള പ്രത്യേക ഇലക്ട്രിക് ത്രീവിലറുകളും മറ്റ് അത്യാധുനിക യാത്രാസഹായ ഉപകരണങ്ങളും, നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന റേഡിയന്റ്റ് വാമർ, ബേബി വാമിങ് റാപ്പർ, ഹോം കെയർ, ക്ലിനിക്കൽ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ, നെബുലൈസർ, ഡിജിറ്റൽ പി.എച്ച്. മീറ്റർ, ക്ലിനിക്കൽ തെർമോമീറ്റർ തുടങ്ങി നൂതന ഉപകരണങ്ങളുടെ നീണ്ടനിരയാണ് ഇവിടെ ഒരുക്കുന്നത്.. ലൈറ്റിങ് ഡിവിഷൻ്റെ സാങ്കേതിക വൈദഗ്ധ്യവും നിലവിലുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ ഇലക്ട്രോണിക്സ് വില്ലേജിന് അടിത്തറയാകുക.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.