Ticker

6/recent/ticker-posts

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 മരണം

---


തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തീരദേശ മേഖലകളിലും മലയോര പ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം. എന്നാൽ നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വ്യാപക മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് എട്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ പെയ്ത പ്രളയസമാനമായ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോട്ടയം, ഇടുക്കി: മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പെട്ട് നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടിൽ വീട് തകർന്ന് ജോസഫിൻ ജോണി (24), മാതാവ് റജീന എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും ജീവൻ വെടിഞ്ഞു.
മലപ്പുറം:തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസ്സുകാരൻ അബ്ദുൽ മുഹൈനിയും, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മനുമാണ് മരിച്ചത്.
വയനാട്:പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ മാഞ്ഞൂർ സ്വദേശി ബെന്നി വൈദ്യുതാഘാതമേറ്റ് മരിച്ചു.
കൊല്ലം:നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കാണാതായ മറ്റൊരു വ്യക്തിക്കായി തെരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments