മലപ്പുറം: സർവ്വാഭരണ വിഭൂഷിതയായി, കോടികളുടെ പട്ടുടുത്ത് വധു കല്യാണ മണ്ഡപത്തിലേക്ക് എത്തണം എന്നതാണല്ലോ നമ്മുടെ പൊതുസമൂഹത്തിന്റെ അലിഖിത വിവാഹ നിബന്ധന. മകളുടെ വിവാഹത്തിനായി സ്വർണം വാങ്ങാൻ കടം കയറി കിടപ്പാടം വരെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെയും, സ്വർണത്തിന്റെ തൂക്കം കുറഞ്ഞുപോയതിന്റെ പേരിൽ സ്ത്രീപീഡനങ്ങൾ നേരിടേണ്ടി വരുന്ന പെൺകുട്ടികളുടെയും വാർത്തകൾ ഇന്നും നമ്മൾ ദിവസേന കാണാറുണ്ട്. എന്നാൽ, ഈ ആഢംബര ഭ്രമങ്ങൾക്കിടയിലും കാതിലൊരു മൊട്ടുകമ്മൽ പോലും ഇടാതെ ലളിതമായി വിവാഹവേദിയിലേക്ക് കടന്നുവന്ന് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഒരു പെൺകുട്ടി.
പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ഹെന്ന ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹർഷ പാത്തുവാണ് ഈ വേറിട്ട വിവാഹത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആഢംബരങ്ങളോ സ്വർണ്ണാഭരണങ്ങളോ അമിതമായ മേക്കപ്പോ ഇല്ലാതെ അതീവ സുന്ദരിയായി ഹർഷ വിവാഹവേദിയിലെത്തിയപ്പോൾ അത് കേവലമൊരു വിവാഹമല്ല, മറിച്ച് സമൂഹത്തിനുള്ള വലിയൊരു പ്രചോദനമാണെന്നാണ് നെറ്റിസൺസ് ഒരേസ്വരത്തിൽ പറയുന്നത്.
ശരിക്കുമൊരു 'ഇൻഫ്ലുവൻസിങ്' മാതൃക
മലപ്പുറം മാറഞ്ചേരി സ്വദേശിനിയായ ഹർഷ പാത്തുവിനും വരൻ നസിം മുഹമ്മദിനും വിവാഹ ചിത്രങ്ങൾ വൈറലായതോടെ വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഹർഷ, തന്റെ സ്വാധീനം സമൂഹത്തിൽ നല്ലൊരു മാറ്റത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ്. വിവാഹത്തോടെ താരത്തിന്റെ ആരാധകരുടെ എണ്ണവും ഇരട്ടിയായിട്ടുണ്ട്.
ഇനി ഇതായിരിക്കണം പുതിയ വിവാഹ ട്രെൻഡ് എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്. പരസ്പരമുള്ള സ്നേഹവും മനസ്സിലാക്കലുമാണ് ഒരു വിവാഹ ജീവിതത്തിന് വേണ്ടതെന്നിരിക്കെ, പലപ്പോഴും അത് സ്വർണ്ണത്തിന്റെ തൂക്കത്തിലും ആഢംബരത്തിലും മാത്രമായി ഒതുങ്ങിപ്പോകുന്ന കാലഘട്ടത്തിലാണ് ഈ മാറ്റം. ആഢംബരത്തേക്കാൾ പരസ്പര സ്നേഹത്തിന് വില നൽകുന്ന ഇങ്ങനെയുള്ള വിവാഹങ്ങൾ ഇനിയും സമൂഹത്തിൽ ഉണ്ടാകട്ടെ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആശംസകൾ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.