ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതോടെ തട്ടിപ്പിന്റെ സങ്കീർണ്ണമായ വിവരങ്ങൾ പുറത്ത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ജില്ലാ ജയിലിൽ വെച്ച് രണ്ട് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും മുൻനിർത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.
തട്ടിപ്പ് രീതി ഇങ്ങനെ:
ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ സ്ഥാനവും സുരക്ഷാ ജീവനക്കാരുടെ സഞ്ചാരപാതയും പ്രതികൾ കൃത്യമായി മനസ്സിലാക്കിയിരുന്നു. പണം എണ്ണുന്നതിനിടയിൽ തട്ടിയെടുക്കുന്ന തുക ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ബാത്ത്റൂമുകളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വണ്ണം ചെറിയ തുകകളായി ഇത് പുറത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതി.
ക്യാമറകളുടെ കണ്ണ് വെട്ടിക്കാൻ പ്രത്യേക തന്ത്രമാണ് സംഘം പ്രയോഗിച്ചത്. ഒരാൾ പണം മോഷ്‌ടിക്കുമ്പോൾ മറ്റുള്ളവർ ക്യാമറയുടെ കാഴ്‌ച മറയ്ക്കുന്ന രീതിയിൽ ചുറ്റും അണിനിരന്ന് ‘മനുഷ്യ മതിൽ’ തീർക്കുകയായിരുന്നു പതിവ്. കാണിക്കപ്പണം സൂക്ഷിക്കുന്ന അതിസുരക്ഷാ മുറിയുടെ താക്കോലുകളിൽ ഒന്ന്, പണം എണ്ണുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത റാംശങ്കർ യാദവ് (ടിന്നു) എന്നയാളുടെ കൈവശമായിരുന്നുവെന്നും പ്രതി സമ്മതിച്ചു. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലെ ശുചീകരണ-അറ്റകുറ്റപ്പണി തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യും.
കണ്ടെടുത്തത് ലക്ഷങ്ങളും വിദേശനാണ്യവും
തട്ടിയെടുത്ത പണം ഭൂമി, ഹോസ്റ്റലുകൾ, മറ്റ് പാർപ്പിട സമുച്ചയങ്ങൾ എന്നിവയിലാണ് പ്രതികൾ നിക്ഷേപിച്ചിരുന്നത്. ഇതുവരെയുള്ള പരിശോധനകളിൽ പ്രതികളിൽ നിന്ന് 79.85 ലക്ഷം രൂപയും, 1,121 യുഎസ് ഡോളറും, വലിയ അളവിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.
മുഖ്യപ്രതി അവിനാഷ് ശുക്ലയിൽ നിന്ന് മാത്രം 20.39 ലക്ഷം രൂപയും 1,121 യുഎസ് ഡോളറും കണ്ടെടുത്തു. മറ്റ് പ്രതികളായ കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകൽപ് മിശ്ര (16.82 ലക്ഷം), ലവ് കുഷ് മിശ്ര (14.25 ലക്ഷം), രാംശങ്കർ മിശ്ര (7.32 ലക്ഷം), മനീഷ് യാദവ് (2 ലക്ഷം), റാംശങ്കർ യാദവ് (1 ലക്ഷം) എന്നിവരിൽ നിന്നും പണം കണ്ടുകെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ ലവ് കുഷ് മിശ്രയുടെ വീട്ടിലും വൈക്കോൽ കൂട്ടങ്ങളിലും വരെ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
അന്വേഷണം ജൂലൈ 15 വരെ നീട്ടി
ക്ഷേത്ര ട്രസ്റ്റിൻ്റെ ആവശ്യപ്രകാരം ജൂൺ 13-നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിച്ചത്. ജൂൺ 25-ഓടെ എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് ഇടപാടുകളും രേഖകളും എസ്ഐടി വിശദമായി പരിശോധിച്ച് വരികയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.