Ticker

6/recent/ticker-posts

കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ മാറ്റി യുഎസ് സൈനികരെ നിയമിക്കും: പ്രഖ്യാപനവുമായി ട്രംപ്; ഒന്നര ലക്ഷത്തോളം ഇന്ത്യൻ ഡ്രൈവർമാർ പ്രതിസന്ധിയിൽ


വാഷിംഗ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ നിന്ന് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ഒഴിവാക്കി പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന നിർണ്ണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശികളായ ഡ്രൈവർമാരിൽ പലരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡുകളിൽ നിരവധി അപകടങ്ങൾക്കും ജീവനഷ്ടങ്ങൾക്കും ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം.
പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്കിംഗ് മേഖലയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതി ട്രംപ് പരസ്യമാക്കിയത്. ഈ നിർദ്ദേശം പ്രായോഗികമാക്കുകയാണെങ്കിൽ അമേരിക്കയിൽ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഡ്രൈവർമാരെ ഇത് അതിഗുരുതരമായി ബാധിക്കും.
അവർക്ക് റോഡ് ചിഹ്നങ്ങൾ വായിക്കാൻ അറിയില്ല; ട്രംപ്
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച, കൃത്യമായ രേഖകളോ ലൈസൻസോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ ആരംഭിച്ചതായി ട്രംപ് വ്യക്തമാക്കി.
"കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർ അമേരിക്കൻ റോഡുകളിൽ നിരവധി ആളുകളെയാണ് കൊന്നൊടുക്കുന്നത്. അവർക്ക് റോഡ് ചിഹ്നങ്ങൾ പോലും കൃത്യമായി വായിക്കാൻ അറിയില്ല. പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇത്തരത്തിലുള്ള ആളുകൾ വലിയ ട്രക്കുകൾ ഓടിക്കാൻ പാടില്ല. അവരെ മാറ്റി അഭിമാനികളായ അമേരിക്കൻ സൈനികരെ ഞങ്ങൾ അവിടെ നിയമിക്കും. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് (CDL) അർഹതയുണ്ടായിരിക്കും," - ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഈ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് യുഎസിലെ ട്രക്കിംഗ് വ്യവസായ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Post a Comment

0 Comments