Ticker

6/recent/ticker-posts

പാളയം കൊലപാതകത്തിൽ വഴിത്തിരിവ്: ലഹരി മാഫിയയല്ല, പിന്നിൽ 22-കാരനായ ബന്ധു; കസബ പോലീസിന്റെ കസ്റ്റഡിയിൽ


​കോഴിക്കോട്: നഗരഹൃദയമായ പാളയത്ത് യുവാവിനെ സ്വന്തം കിടപ്പുമുറിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. നേരത്തെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്ന കേസിൽ, കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവായ 22-കാരനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയാണ് പിടിയിലായത്.
​പുതിയകോവിലകംപറമ്പ് സ്വദേശി ബി. ബിജു (38) വിനെയാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സ്വന്തം മുറിയിൽ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
​പകയ്ക്ക് കാരണം ആശുപത്രിയിലാക്കിയതിലെ വൈരാഗ്യം
​പിടിയിലായ യുവാവിന് നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സ നൽകിയിരുന്നു. ബിജുവും മറ്റ് ബന്ധുക്കളും ചേർന്നാണ് ഇയാളെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
​പ്രതിയെ കുടുക്കിയത് കൈയിലെ പരിക്കും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുമാണ്. സംഭവത്തിന് ശേഷം ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും മൃതദേഹം കിടന്ന മുറിയുടെ താക്കോലും ഇയാൾ കൈക്കലാക്കി സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നു.
​കണ്ടത് പുലർച്ചെ മൂന്ന് മണിക്ക്
​കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കുകയായിരുന്ന അച്ഛൻ രാജൻ ഞായറാഴ്ച പുലർച്ചെ 2.45-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ബിജുവിനെ ഫോൺ ചെയ്തിരുന്നു. എന്നാൽ ഫോൺ റിങ് ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ സംശയം തോന്നി അമ്മ ബേബി മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ബിജുവിനെ കണ്ടത്.
​തുടർന്ന് പോലീസും ശാസ്ത്രീയ അന്വേഷണ സംഘവും എത്തി നടത്തിയ തെളിവെടുപ്പിൽ മുറിയിൽ നിന്ന് ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കേസിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും കസബ പോലീസ് അറിയിച്ചു.

Post a Comment

0 Comments