Ticker

6/recent/ticker-posts

14-ാം വയസ്സിൽ സ്വന്തമായി വിമാനം നിർമ്മിച്ചു, സ്റ്റീഫൻ ഹോക്കിങ് പോലും പ്രബന്ധത്തിൽ കുറിച്ച പേര്; കോടികളുടെ ഓഫറുകൾ വേണ്ടെന്നുവെച്ച 'സബ്രിന' എന്ന അത്ഭുത പ്രതിഭ


വാഷിങ്ടൺ: ഭൂരിഭാഗം കുട്ടികളും ചെറുപ്പത്തിൽ വലിയ വിമാനങ്ങൾ കണ്ട് അത് പറത്തുന്ന പൈലറ്റാകാൻ സ്വപ്നം കാണുമ്പോൾ, സ്വന്തമായി ഒരു വിമാനം തനിയെ നിർമ്മിക്കാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു; സബ്രിന ഗോൺസാലസ് പാസ്റ്റെർസ്കി. കേവലം ഒരു ആഗ്രഹത്തിൽ ഒതുക്കാതെ തന്റെ 14-ാം വയസ്സിൽ അവൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കി. സ്വന്തമായി ഒരു സിംഗിൾ എഞ്ചിൻ വിമാനം നിർമ്മിച്ച്, പതിനാറാമത്തെ വയസ്സിൽ അത് ആകാശത്തേക്ക് തനിയെ പറത്തിക്കൊണ്ടാണ് സബ്രിന ചരിത്രത്തിന്റെ താളുകളിലേക്ക് ഇടംപിടിച്ചത്.
വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം സബ്രിനയെ ഒരിക്കലും അലട്ടിയിരുന്നില്ല. കാരണം കുട്ടിക്കാലം മുതൽക്കേ സ്റ്റെം (STEM - Science, Technology, Engineering, Mathematics) വിഷയങ്ങളോടായിരുന്നു അവൾക്ക് പ്രണയം. തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ വിട്ടുവീഴ്ചയില്ലാതെ സഞ്ചരിച്ച ആ പെൺകുട്ടി ഇരുപതുകളിൽ എത്തിയപ്പോഴേക്കും ലോകം ആദരിക്കുന്ന മുൻനിര ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.
സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലും അത്ഭുതപ്പെടുത്തിയ ശാസ്ത്രപ്രതിഭ
സബ്രിനയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇടപെടൽ. തന്റെ വിഖ്യാതമായ ഗവേഷണ പ്രബന്ധങ്ങളിൽ ഒന്നിൽ ഹോക്കിങ്, ഈ യുവ ശാസ്ത്രജ്ഞയുടെ പേരും അവരുടെ കണ്ടെത്തലുകളും പ്രത്യേകം പരാമർശിച്ചിരുന്നു.
അമേരിക്കൻ ഭൗതികശാസ്ത്ര മേഖലയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി മാറിയ സബ്രിനയെ കാത്ത് ലോകത്തെ ഏറ്റവും വലിയ അവസരങ്ങളാണ് പിന്നീട് എത്തിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) ക്ഷണവും, കോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ (Blue Origin) വമ്പൻ ഓഫറുകളും അവളെ തേടിയെത്തി. എന്നാൽ, കോടികളുടെ പ്രതിഫലമുള്ള ആഡംബര ജോലികളോടും പദവികളോടും 'വേണ്ട' എന്ന് പറയാൻ സബ്രിനയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
ബാഹ്യമായ പ്രശസ്തികൾക്ക് പിന്നാലെ പോകാതെ, പ്രപഞ്ചത്തിന്റെ നിഗൂഢതകൾ തേടിയുള്ള അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങളിൽ (Fundamental Science Research) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവൾ തീരുമാനിച്ചത്. കോടികളുടെ പ്രലോഭനങ്ങളെക്കാൾ സ്വന്തം ജിജ്ഞാസയ്ക്കും സ്വപ്നങ്ങൾക്കും വില കൽപ്പിച്ച സബ്രിന ഗോൺസാലസ് പാസ്റ്റെർസ്കി, ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാനുള്ള വലിയൊരു പ്രചോദനമാണ്.

Post a Comment

0 Comments