Ticker

6/recent/ticker-posts

തൃശൂരിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഓലഷെഡിൽ ഉറങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം


തൃശൂർ: മണലൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. മണലൂർ കമ്പനിപ്പടി തൃപ്രണത്ത് സ്വദേശി വിഷ്ണു (28) ആണ് ദാരുണമായി മരണപ്പെട്ടത്. പുതിയ വീടുപണിയുടെ ഭാഗമായി കെട്ടിയ താത്കാലിക ഓലഷെഡിൽ കിടന്ന് ഉറങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
​കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് വിഷ്ണുവിന്റെ പറമ്പിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്. ശനിയാഴ്ച രാവിലെയാണ് വിഷ്ണുവിനെ മരത്തിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ വീട്ടുകാരും നാട്ടുകാരും കണ്ടെത്തുന്നത്.
​ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നപ്പെട്ട് മരം മുറിച്ചുമാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments