Ticker

6/recent/ticker-posts

ഷാർജയിൽ രണ്ട് വയസ്സുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു; മലയാളി ഉൾപ്പെടെ രണ്ട് കുട്ടികൾ കസ്റ്റഡിയിൽ, മാതാപിതാക്കൾക്ക് വൻ തുക ജാമ്യം


ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ രണ്ട് പെൺകുട്ടികൾ ചേർന്ന് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.

​കസ്റ്റഡിയിലുള്ള കുട്ടികളിൽ ഒരാൾ കേരളത്തിൽ നിന്നുള്ള പ്രവാസി കുടുംബത്തിലെയും മറ്റേയാൾ തമിഴ്‌നാട് സ്വദേശിയുമാണ്. ഇതിൽ മലയാളി പെൺകുട്ടി കണ്ണൂർ സ്വദേശിനിയാണെന്നാണ് പ്രാഥമിക വിവരം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇ നിയമപ്രകാരം മാതാപിതാക്കൾ കൂടി ഉത്തരവാദികളായതിനാൽ ഇരുവരുടെയും മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷത്തോളം ഇന്ത്യൻ രൂപ) ജാമ്യത്തുകയിലാണ് ഇവരെ താൽക്കാലികമായി ജാമ്യത്തിൽ വിട്ടയച്ചത്.

തുമ്പായത് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

​ആദ്യഘട്ടത്തിൽ കുട്ടി കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്തെ കോറിഡോറിൽ കളിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.

​സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറിയത്. ഈ ചുരുങ്ങിയ സമയം നോക്കി പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിക്കുകയായിരുന്നു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ ഇവർ ക്രൂരത പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments