​തെഹ്റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ ഉൾക്കടലിൽ അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ പ്രാദേശിക അതിർത്തിയോട് അടുക്കാൻ ശ്രമിച്ച, അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന വിജയകരമായി ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ വാദം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
​അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ തങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നിരന്തരം നടത്തുന്ന ആക്രമണങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങൾ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
​ഇറാൻ്റേത് വ്യാജ അവകാശവാദമെന്ന് യുഎസ്
​എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അടിയന്തരമായി രംഗത്തെത്തി. ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇറാൻ ആക്രമിച്ചു എന്ന വാർത്ത തികച്ചും വ്യാജമാണെന്നും ഇറാൻ ലോകത്തിന് മുന്നിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും അമേരിക്കൻ സൈനിക വക്താക്കൾ ഔദ്യോഗികമായി പ്രതികരിച്ചു. കടലിലുള്ള അമേരിക്കൻ സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.
​മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ കടുത്ത യുദ്ധഭീതി ഉയർത്തുന്നതിനിടയിലാണ് പരസ്പരവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാന്റെ അവകാശവാദവും അതിനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിഷേധവും അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറന്നിട്ടുണ്ട്