തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സൗജന്യ സ്ത്രീ യാത്രാ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
റിസർവേഷൻ സൗകര്യമുള്ള ദീർഘദൂര ബസുകളിൽ കൂടി സൗജന്യ യാത്ര നടപ്പാക്കിയാൽ അത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും, അതിനാൽ പദ്ധതി ഓർഡിനറി സർവീസുകളിൽ മാത്രമായി ചുരുക്കണമെന്നുമാണ് സമിതി സർക്കാരിന് നൽകിയ നിർദേശം.
സർക്കാരിന് പ്രതിമാസം 100 കോടിയോളം രൂപ അധിക ബാധ്യത
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക നഷ്ടം പൂർണ്ണമായും സർക്കാർ തന്നെ നികത്തും. ഇതിനായി സർക്കാരിന് പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരും. നിലവിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ പ്രതിമാസം നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്.
നിലവിൽ പ്രതിദിനം 20 മുതൽ 25 ലക്ഷത്തിനടുത്ത് ആളുകളാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതു പ്രകാരം ജൂൺ 15-നകം തന്നെ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ മാനദണ്ഡങ്ങൾക്കും പ്രഖ്യാപനത്തിനുമായി അടുത്ത മന്ത്രിസഭാ യോഗം അനുമതി നൽകിയേക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.