Ticker

6/recent/ticker-posts

ദമ്മാമിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു


ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി പ്രവാസികൾ മരണപ്പെട്ടു. കണ്ണൂർ തലശ്ശേരി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ദമ്മാമിൽ ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു സജീം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് സ്വദേശി യുവാവ് ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പലതവണ മലക്കംമറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു.
രക്ഷാപ്രവർത്തനം ഏറെ വൈകി; ഫോൺ വിളിച്ചപ്പോൾ അറിഞ്ഞ ദുരന്തം
പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ഇവരെ ഏറെ പ്രയത്നിച്ചാണ് പോലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ സജീം മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി വൈകിയിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് പുലർച്ചെ സുഹൃത്തുക്കൾ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പോലീസ് മരണവിവരം അറിയിക്കുന്നത്. നിലവിൽ മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പുരോഗമിക്കുന്നു.

Post a Comment

0 Comments