കണ്ണൂർ/വളപട്ടണം: ഫിഫ ലോകകപ്പ് ഫുട്ബാളിൽ പന്തു തട്ടാൻ ആദ്യമായി ഒരു മലയാളി താരം തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലും അഭിമാനത്തിലുമാണ് കണ്ണൂരിലെ വളപട്ടണം ഗ്രാമം. ഖത്തറിൽ സ്ഥിരതാമസമാക്കിയ ജംഷീദ് തച്ചൻകണ്ടിയുടെയും ഷൈമയുടെയും മകനായ പത്തൊമ്പതുകാരൻ തഹ്സിൻ മുഹമ്മദാണ് ഈ അപൂർവ്വ നേട്ടത്തോടെ ചരിത്രത്തിലേക്ക് നടന്നു കയറുന്നത്. ഖത്തർ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ് തഹ്സിൻ ലോകകപ്പ് വേദിയിൽ അരങ്ങേറ്റം കുറിക്കുന്ന ചരിത്ര മുഹൂർത്തം കാത്തിരിക്കുകയാണ് നാടും കൂട്ടുകാരും.
വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലാണെങ്കിലും, അവധിക്ക് നാട്ടിലെത്തിയാൽ വളപട്ടണം തങ്ങൾവയലിലെ ഗ്രൗണ്ടിൽ തഹ്സിൻ സജീവമാണ്. പ്രായവ്യത്യാസമില്ലാതെ നാട്ടിലെ ഫുട്ബാൾ പ്രേമികളുമായി ഒത്തുചേർന്ന് കളിക്കുന്ന തഹ്സിനോടൊപ്പമുള്ള ഓർമ്മകൾ പ്രാദേശിക ക്ലബ്ബായ 'എക്സ് ഗൈഡ്' ടീമംഗങ്ങളും സുഹൃത്തുക്കളായ ഹനീഫ, സാക്കിർ, അസ്നീത്, ജസീം, റിഷാദ്, നാസിൽ തുടങ്ങിയവരും ആവേശത്തോടെ പങ്കുവെക്കുന്നു. കളിയിലെ മനോഹാരിതയും മികവുമാണ് തഹ്സിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഫുട്ബോൾ പാരമ്പര്യമുള്ള കുടുംബം
മുൻ കാലിക്കറ്റ് സർവകലാശാല ഫുട്ബാൾ ക്യാപ്റ്റൻ കൂടിയായ പിതാവ് ജംഷീദാണ് തഹ്സിന്റെ കരിയറിന് ശക്തമായ അടിത്തറയിട്ടത്. ഖത്തറിൽ അക്കൗണ്ടന്റായ പിതാവിനൊപ്പം ദുബൈയിലുള്ള അമ്മാവൻ മുഹമ്മദ് ഷമീലും തഹ്സിന് കരിയറിൽ വലിയ പ്രോത്സാഹനവും പിന്തുണയും നൽകി. നേരത്തെ, 2022-ൽ ഖത്തറിന്റെ അണ്ടർ-17 ടീമിലേക്ക് തഹ്സിൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വളപട്ടണത്തുകാർ ഖത്തറിലെത്തി താരത്തെ ആദരിച്ചിരുന്നു.
വളപട്ടണത്ത് വൻ ആഘോഷപ്പൊലിമ
ഓരോ ലോകകപ്പ് കാലത്തും ഫുട്ബോൾ ആവേശത്തിൽ മുങ്ങാറുള്ള വളപട്ടണത്ത് ഇത്തവണ ആഘോഷങ്ങൾ ഇരട്ടിയാണ്. ദേശീയ പാതയോരത്തും തഹ്സിൻ പന്തുതട്ടി വളർന്ന തങ്ങൾവയൽ ഗ്രൗണ്ടിന് ചുറ്റിലും താരത്തിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തഹ്സിൻ കളത്തിലിറങ്ങുന്ന ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗവും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് നാട്ടുക്കാർ പ്ലാൻ ചെയ്തിരിക്കുന്നത്. പ്രദേശത്തെ കായിക പ്രേമികളായ ഹനീഫ, സാക്കിർ, അസീത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.