Ticker

6/recent/ticker-posts

പെൺകുട്ടികൾക്ക് നേരെ അതിക്രമം; ചോദ്യം ചെയ്തതിന് മർദ്ദനം, 3 പ്രതികൾ പിടിയിൽ


കൊച്ചി: എറണാകുളം കലൂരിൽ റോഡിലൂടെ നടന്നുപോയ പെൺകുട്ടികളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. കലൂർ ഭാഗത്തുനിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ റോഡരികിൽ നിന്ന യുവാക്കൾ ലൈംഗികച്ചുവയോടെ കമന്റുകൾ നടത്തുകയായിരുന്നു. ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. സ്ത്രീകളടക്കം എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പെൺകുട്ടികളെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു തകർക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്യുകയും ഫോൺ എടുക്കാൻ ശ്രമിക്കുകയും ചെയ്ത പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് കറക്കി നിലത്തിടാൻ ശ്രമിക്കുകയായിരുന്നു. കൂടാതെ, പെൺകുട്ടിയുടെ നെഞ്ചിൽ ചവിട്ടുകയും വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments