Ticker

6/recent/ticker-posts

ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്ത സംഭവം: പരസ്യമായി ക്ഷമ ചോദിച്ച് ചെറിയാൻ ഫിലിപ്പ്; 'സ്ത്രീലമ്പടനായി ചിത്രീകരിച്ചതിൽ വിഷമമുണ്ട്'


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിര ഭവന് മുന്നിൽ വെച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവും ക്ഷമാപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. വിജയാഹ്ലാദത്തിനിടയിൽ പരിസരബോധം മറന്ന് താൻ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും, അതിൽ എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'അവരെല്ലാം എനിക്ക് കുഞ്ഞനുജത്തിമാരാണ്'
സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
"പിതൃനിർവിശേഷമായ (അച്ഛന് തുല്യമായ) സ്നേഹപ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റം ദുരുദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, അതൊരു സ്വാഭാവിക നടപടിയെന്ന് ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം എനിക്ക് വർഷങ്ങളായുള്ള പരിചയമുണ്ട്. ഇവരെല്ലാം എനിക്ക് എന്റെ സ്വന്തം കുഞ്ഞനുജത്തിമാരെപ്പോലെയാണ്," - ചെറിയാൻ ഫിലിപ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
'സ്ത്രീലമ്പടനായി ചിത്രീകരിച്ചത് ഉറക്കം കെടുത്തി'
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചും കുറിപ്പിൽ അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. അര നൂറ്റാണ്ട് മുൻപ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടർന്ന് നട്ടെല്ലിനും സുഷുമ്നാ നാഡിക്കും ക്ഷതമേറ്റിരുന്നു. ഇതിനാൽ അരയ്ക്ക് താഴെ നാഡീവ്യൂഹത്തിന് പ്രശ്നങ്ങളുണ്ട്. കാലുകളിലെ പേശികൾക്ക് തുടർച്ചയായ ചികിത്സ നൽകിയാണ് ഇപ്പോൾ എഴുന്നേറ്റു നടക്കുന്നത്.
ഇത്തരത്തിൽ ഒറ്റയാനായി, ഒരു സന്യാസിയെപ്പോലെ ജീവിതം നയിക്കുന്ന എന്നെ ചില സാമൂഹ്യമാധ്യമങ്ങൾ 'സ്ത്രീലമ്പടനായി' ചിത്രീകരിച്ചത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നെ സമാധാനിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദി അറിയിക്കുന്നുവെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments