Ticker

6/recent/ticker-posts

പുഴയിൽ മുങ്ങി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു; മരണപ്പെട്ടവർ വടാട്ടുപാറയിൽ അവധി ആഘോഷിക്കാനെത്തിയവർ


കോതമംഗലം: എറണാകുളം കോതമംഗലം വടാട്ടുപാറയിലെ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളായ തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
ഇന്ന് (ഞായറാഴ്ച) ഉച്ചയോടെയാണ് ഒൻപതംഗ വിദ്യാർത്ഥി സംഘം പുഴയിൽ കുളിക്കാനെത്തിയത്. പലവൻപടി പുഴയിലെ ആഴമേറിയ ഭാഗത്ത് ബിയോൺ ആദ്യം ഒഴുക്കിൽപ്പെടുകയായിരുന്നു. ബിയോണിനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയതായിരുന്നു ഹരീഷും അതുലും. എന്നാൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മൂവരും മുങ്ങിപ്പോകുകയായിരുന്നു.
വനത്തോടു ചേർന്നുള്ള ഉൾപ്രദേശമായതിനാലും മൊബൈൽ റേഞ്ച് ഇല്ലാത്തതിനാലും അപകട വിവരം പുറംലോകത്തെ അറിയിക്കാൻ വൈകി. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടമലയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളം എത്തുന്ന പുഴയായതിനാൽ ഇവിടെ ശക്തമായ ഒഴുക്കുണ്ടാകാറുണ്ട്.
മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments