Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്‌സ്‌റേ 'മൊബൈലിൽ'; ഫിലിം തീർന്നതോടെ രോഗികൾ ദുരിതത്തിൽ; ലക്ഷങ്ങളുടെ കുടിശ്ശികയെന്ന് ആക്ഷേപം


​കോഴിക്കോട്: വടക്കൻ കേരളത്തിലെ പ്രമുഖ സർക്കാർ ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്‌സ്‌റേ ഫിലിമുകൾ തീർന്നതിനെത്തുടർന്ന് കടുത്ത പ്രതിസന്ധി. ഫിലിം ഇല്ലാത്തതിനാൽ രോഗികളുടെ എക്‌സ്‌റേ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നൽകേണ്ട അവസ്ഥയിലാണ് നിലവിൽ ജീവനക്കാർ. കമ്പനികൾക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ആശുപത്രിയിലേക്കുള്ള ഫിലിം വിതരണം നിർത്തിവെച്ചതെന്നാണ് സൂചന.
​'ആദ്യം ചോദിക്കുന്നത് സ്മാർട്ട് ഫോൺ ഉണ്ടോ എന്ന്'; ദുരിതം വിവരിച്ച് ബന്ധുക്കൾ
​അപകടത്തിൽപ്പെട്ട് പരിക്കേറ്റ രോഗിയുമായി ആശുപത്രിയിലെത്തിയ ഒരു ബന്ധുവിന്റെ പ്രതികരണം മെഡിക്കൽ കോളേജിലെ നിലവിലെ കഷ്ടസ്ഥിതി വ്യക്തമാക്കുന്നതാണ്.
​"എക്‌സ്‌റേ എടുക്കാൻ ചെന്നാൽ ജീവനക്കാർ ആദ്യം ചോദിക്കുന്നത് കൈയിൽ സ്മാർട്ട് ഫോൺ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞാൽ ഫോൺ സംഘടിപ്പിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ട് മടക്കിവിടും. ഫോൺ ഉള്ളവർക്കാകട്ടെ, എക്‌സ്‌റേ മെഷീൻ്റെ ഡിസ്‌പ്ലേയിൽ പതിയുന്ന ചിത്രം മൊബൈലിൽ ഫോട്ടോയെടുത്ത് നൽകും. ഇതുമായി വേണം ഡോക്ടറെ കാണാൻ."
​രോഗിയുടെ ഭാവി മൊബൈൽ ക്യാമറയുടെ കൈകളിൽ!
​എക്സറേ മെഷീനിലെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തുമ്പോൾ ഉണ്ടാകുന്ന വ്യക്തതക്കുറവ് കൃത്യമായ രോഗനിർണ്ണയത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. അതായത്, മൊബൈൽ ക്യാമറയുടെ ക്ലാരിറ്റി (Clarity) അനുസരിച്ചിരിക്കും രോഗിയുടെ ഭാവിയെന്ന അവസ്ഥയാണിപ്പോൾ.
​ദിവസേന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലെ ഈ സാങ്കേതിക പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും, കുടിശ്ശിക തീർത്ത് ഫിലിം വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് പൊതുവേ ഉയരുന്ന ആവശ്യം.

Post a Comment

0 Comments